ചിങ്ങം പിറന്നു; ഇനി ഐശ്വര്യത്തിന്റെ നാളുകള് ...



മുന്പ് കാലവർഷം കൃത്യമായി പെയ്തിരുന്ന,​ കൃഷി സന്പന്നമായിരുന്ന കേരള നാട്ടിൽ വറുതിയുടെ നാളുകളായിരുന്നു കർക്കടക മാസം നൽകിയിരുന്നത്. ആ ദുരിത നാളുകൾ തീർന്ന് വിളവെടുപ്പിന്രെ ആഘോഷവും  സന്പദ് സമൃദ്ധിയുടെ ആഹ്ളാദവും വിതറുന്ന നാളുകൾക്കാണ് ചിങ്ങത്തിൽ തുടക്കമാകുന്നത്.



വറുതിയുടെയും കെടുതിയുടെയും ആടി മാസത്തിന് വിട. ഇനി സമൃദ്ധിയുടെയും സന്തോഷത്തിന്റെയും വരവറിയിക്കുന്ന ചിങ്ങമാസം. മലയാളി പുതുവര്‍ഷമായി കൊണ്ടാടുന്ന ചിങ്ങം ഒന്നാണ് ശനിയാഴ്ച. പുതുവര്‍ഷപ്പുലരി മലയാളികള്‍ കര്‍ഷകദിനവും ഭാഷാദിനവുമായി ആചരിക്കുന്നു.

ഐശ്വര്യ ദേവതയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലായിരുന്നു കഴിഞ്ഞദിവസങ്ങളില്‍ കേരളം. കര്‍ക്കിടകത്തിന്റെ കഷ്ടപ്പാടുകള്‍ക്ക് അറുതി വരുത്തി വീടുകളിലെ പൊടിയും മാറാലയും നീക്കി ചായമടിച്ച് കഴുകി വൃത്തിയാക്കി വയ്ക്കും.  പഴയ പാത്രങ്ങളും ചൂലുംമുറവുമൊക്കെ പ്രതീകാത്മകമായി ഉപേക്ഷിച്ച് പുതിയവ വാങ്ങി ഉപയോഗിച്ച് തുടങ്ങുന്നത് ആവണിപ്പുലരിയിലാണ്. മുന്‍കാലങ്ങളില്‍ വീടുകള്‍ ചാണകം മെഴുകി വൃത്തിയാക്കി, മുറ്റത്തു ചാണകവെള്ളം തളിച്ച് ശുദ്ധിവരുത്തിയിരുന്നു. പറമ്പുകള്‍ കരിയില അടിച്ചുകൂട്ടി തീയിടും. ചാണകം മെഴുകിയ നിലങ്ങള്‍ ടൈല്‍സിനും മാര്‍ബിളിനുമൊക്കെ വഴിമാറിയെങ്കിലും ചിങ്ങത്തലേന്ന് നിലം കഴുകി വൃത്തിയാക്കുന്ന പതിവ് ഇന്നും ഉപേക്ഷിയ്ക്കാന്‍ ബഹുഭൂരിപക്ഷവും തയാറായിട്ടില്ല.
കര്‍ഷക കുടുംബങ്ങള്‍ക്കും ചിങ്ങമാസം ഏറെ പ്രിയപ്പെട്ടതാണ്. കലവറകളും പത്തായങ്ങളും നിറയുന്ന കാലം. ഇന്ന് അന്യനാട്ടില്‍നിന്നു വരുന്ന അരിയും പച്ചക്കറി കൊണ്ടായാലും ചിങ്ങത്തെ ആഘോഷമാക്കാറുണ്ട് മലയാളി.
ഓണാഘോഷം നടക്കുന്ന മാസമാണ് ചിങ്ങം. ചിങ്ങമാസത്തിന്റെ പ്രധാന്യം തന്നെ ഓണമാസമെന്ന നിലയിലാണ്. ഓണം പോലൊന്ന് മലയാളികള്‍ക്കു വേറെയില്ല. എല്ലാം കൊണ്ട് ജീവിതം നിറസമ്പന്നവും ആഘോഷഭരിതവുമാകുന്ന കാലമാണിത്. പൂക്കളും പൂവിളികളുമായി ഓണത്തിരക്കുകളുമായി നാടിന്റെ മുഖച്ഛായ തന്നെ മാറും. ഈ മാസം 21-നാണ് അത്തം. തിരുവോണം 29-നാണ്.

0 comments:

Post a Comment