ചരിത്രം വെള്ളുവങ്ങാടിലൂടെ 
[Velluvangad - History]സാമൂഹ്യചരിത്രം

ക്രിസ്തുവര്‍ഷം ഏഴും എട്ടും നൂറ്റാണ്ടുകളില്‍ കേരളത്തിലേക്ക് കുടിയേറിയ ആര്യവംശജരായ ബ്രാഹ്മണരാണ് ഇവിടുത്തെ ഭൂമി മുഴുവന്‍ കൈയ്യടക്കിവച്ചത്. എ.ഡി 600 വരെ, ഇവിടെ ബ്രാഹ്മണരോ, ബ്രഹ്മസ്വം-ദേവസ്വം സമ്പ്രദായങ്ങളോ ഉണ്ടായിരുന്നില്ലെന്നും, “അധ:കൃതര്‍” എന്നും “പട്ടികജാതിക്കാര്‍” എന്നും വിളിക്കപ്പെടുന്ന കേരളത്തിലെ ആദിമനിവാസികളായ, കീഴാള അടിസ്ഥാനവര്‍ഗ്ഗത്തിന്റേതായിരുന്നു ഇവിടുത്തെ ഭൂസ്വത്തുക്കള്‍ മുഴുവനുമെന്ന് ചരിത്രസൂചനകള്‍ സാക്ഷ്യപ്പെടുത്തുന്നു. നാടുവാഴികള്‍, കോവിലകങ്ങളിലും കൊട്ടാരങ്ങളിലും, ബ്രാഹ്മണര്‍ ഇല്ലങ്ങളിലും മനകളിലുമാണ് താമസിച്ചിരുന്നത്.

--- വെള്ളുവങ്ങാട് ----ടിപ്പു സുൽത്താൻ 1788 ൽ പടയോട്ടം നടത്തിയത് വെള്ളുവങ്ങാടിന്റെ രാജവീഥിയിലൂടെയായിരുന്നു. തമ്പടിക്കാൻ പറ്റിയ സ്ഥലം അന്വേഷിക്കുമ്പോഴാണ് ഒരു ജനവാസ കേന്ദ്രവും അവിടെ അർദ്ധനഗ്നരായ സ്ത്രീകൾ നീരാട്ട് നടത്തുന്ന കാഴ്ചയും കണ്ടത്. ടിപ്പു സുൽത്താൻ സ്ത്രീകളോട് മാറുമറക്കാൻ പറയുകയും അവർക്ക് ചേല കൊടുക്കാൻ കല്പിക്കുകയും ചെയ്തു. വെള്ളം സുലഭമായി കിട്ടുന്ന അങ്ങാടിയായതിനാൽ 'വെള്ളാട്ടങ്ങാടി' എന്ന പേരിൽ പിന്നീട് അറിയപ്പെടാൻ തുടങ്ങി. വെള്ളാട്ടങ്ങാടിയിൽ നിന്ന് ക്രമേണ ജനങ്ങൾ താമസം മാറ്റി പോയതിനാൽ വെള്ളാട്ടങ്ങാടി കാട്ടു പ്രദേശമായി മാറി അതോടുകൂടി വെള്ളാട്ടങ്ങാടി വെള്ളാങ്കാടായും ക്രമേണ 'വെള്ളുവങ്ങാട് ' ആയും അറിയപ്പെടാൻ തുടങ്ങി.


-- ചേലക്കലാപം --

ടിപ്പുസുൽത്താന്റെ  പടയോട്ടത്തിൽ ഞെരിഞ്ഞമർന്ന വെള്ളാട്ടങ്ങാടിയുടെ തിരുമുറ്റത്ത് നിന്നും പൊട്ടിപ്പുറപ്പെട്ട ഒരു ഒരു ഐതിഹാസിക സമരമാണ് ചേലക്കലാപം.സ്ത്രീകൾക്ക് മാറുമറയ്ക്കാൻ പാടില്ലാത്ത അക്കാലത്ത് മാറുമറക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരമായിരുന്നു ചേലക്കലാപം.മൂരിപ്പാടത്തിനും വല്യാത്രപ്പടിക്കും ഇടയിലുണ്ടായിരുന്ന ആ പുരാതന നാഗരികതയുടെ അവശിഷ്ടങ്ങൾ ഈ അടുത്ത കാലം വരെ അവിടുണ്ടായിരുന്നു.


-- മാളികപ്പുറത്ത് നിന്നും ചാടിയ കഥ --

കുടിയാന്മാരെ ഒഴിപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 1884-ൽ വെള്ളുവങ്ങാട് തറിപ്പടിക്കൽ പാലത്തിങ്ങൽ ഉണ്ണീന്റെ നേതൃത്വത്തിൽ ഉണ്ടായ കലാപത്തിൽ ജഡ്ജി വധിക്കപ്പെട്ടതായി ചരിത്ര രേഖകളിൽ കാണാം. ഉണ്ണീനെ കിട്ടാതെ അരിശം പൂണ്ട ബ്രിട്ടീഷ് പട്ടാളം അദ്ദേഹത്തിന്റെ  മകൻ മൊയ്തീനെ പിടിച്ചു.അദ്ദേഹം മാളിക മുകളിൽ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടുകയും ചെയ്തു.

-- മലബാർ കലാപവും വെള്ളുവങ്ങാടും --


ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നായ മലബാര്‍ കലാപത്തിന്‍റെ സ്മരണകള്‍ ഉറങ്ങുന്ന മണ്ണാണ് വെള്ളുവങ്ങാട്.
1700-കളുടെ ഉത്തരാര്‍ദ്ധം മുതല്‍ ഒറ്റപ്പെട്ട ഒട്ടേറെ കര്‍ഷകകലാപങ്ങള്‍ മലബാറില്‍ അരങ്ങേറിയിട്ടുണ്ട്. 1790-കളില്‍ ഒളിപ്പോര്‍ വിദഗ്ദ്ധരായിരുന്ന എളംപുളശ്ശേരി ഉണ്ണിമൂസയുടെ നേതൃത്വത്തില്‍ നടന്ന നികുതിനിഷേധ പ്രക്ഷോഭം കര്‍ഷകസമര ആദ്യസംഭവമായിരുന്നു. നേരിട്ടുള്ള യുദ്ധത്തിലൂടെ മാപ്പിള കര്‍ഷക കലാപകാരികളെ കീഴ്പ്പെടുത്താനാവില്ലെന്ന് ബോദ്ധ്യപ്പെട്ട വെള്ളക്കാര്‍ കരിനിയമങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തി അവരെ അടിച്ചമര്‍ത്താന്‍ തുടങ്ങി.
നേരിട്ടുള്ള യുദ്ധത്തിലൂടെ മാപ്പിള കര്‍ഷക കലാപകാരികളെ കീഴ്പ്പെടുത്താനാവില്ലെന്ന് ബോദ്ധ്യപ്പെട്ട വെള്ളക്കാര്‍ കരിനിയമങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തി അവരെ അടിച്ചമര്‍ത്താന്‍ തുടങ്ങി. “മാപ്പിള ആക്ട്” എന്ന കിരാതനിയമം പ്രയോഗത്തില്‍ വരുത്തി.

1920-കളോടെ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനം ഇവിടെ ആവേശകരമായി ഉയര്‍ത്തെഴുന്നല്‍ക്കാന്‍ തുടങ്ങി. 1920 ഡിസംബറില്‍ നാഗ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തോടെ നാടുനീളെ കോണ്‍ഗ്രസ് കമ്മിറ്റികളും ഖിലാഫത്തു കമ്മറ്റികളും സംഘടിപ്പിക്കപ്പെട്ടു. മഞ്ചേരിയില്‍ വിപുലമായ രീതിയില്‍ കോണ്‍ഗ്രസ് കോണ്‍ഫെറന്‍സ് നടന്നു. എ.പി.നാരായണമേനോന്റെയും കട്ടിളശ്ശേരി മുസ്ളിയാരുടെയും നേതൃത്വത്തില്‍ പാണ്ടിക്കാട് ഖിലാഫത്ത് കമ്മിറ്റി രൂപികരിച്ചു. 1921 ആഗസ്റ്റ് 26-ന് 3000-ത്തോളം മാപ്പിള യോദ്ധാക്കളും, ക്യാപ്റ്റന്‍ മക്കന്റായിയുടെ നേതൃത്വത്തിലുള്ള വെള്ളപട്ടാളവും പൂക്കോട്ടൂരില്‍ വച്ച് ഘോരമായ യുദ്ധം നടന്നു. ആഗസ്റ്റ് 31-ന് തിരൂരങ്ങാടിയില്‍ രണ്ടാമത്തെ യുദ്ധം നടന്നു. മലബാര്‍ കലാപത്തിന്റെ അധിനായകരില്‍ പ്രധാനിയും  വള്ളുവങ്ങാടിന്റെ അടുത്തുള്ള നെല്ലിക്കുത്ത് സ്വദേശിയുമായ
പാലത്തുമൂലയില്‍ ഏരിക്കുന്നന്‍ ആലി മുസലിയാർ. 1922 ഫെബ്രുവരി 17-ന് കോയമ്പത്തൂര്‍ ജയിലില്‍ വെച്ച് ആലി മുസലിയാരെ തൂക്കിലേറ്റി.
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസ്ലിയാരുടെയും ഗുരുനാഥന്‍ കുന്നുമ്മല്‍ കുഞ്ഞിക്കമ്മു മൊല്ലയായിരുന്നു.1872 ല്‍ കുഞ്ഞിക്കമ്മു മൊല്ലയുടെ ഓത്തുപള്ളി, മൊല്ല മാസ്റ്ററാല്‍ മലയാളം പഠിപ്പിക്കുന്ന എഴുത്തുപള്ളിക്കൂടമാക്കി മാറിയിരുന്നു.
മലയാള പാഠങ്ങള്‍ ഇവിടെ നിന്നാണ് കുഞ്ഞഹമ്മദ് ഹാജി കരസ്ഥമാക്കി.എ.എം.എല്‍.പി സ്‌കൂള്‍ വള്ളുവങ്ങാട് എന്ന പേരില്‍ ഈ സ്‌കൂള്‍ ഇന്നും വെള്ളുവങ്ങാട് പ്രവര്‍ത്തിക്കുന്നുണ്ട്.

വെള്ളുവങ്ങാട് കാരക്കുറിശ്ശി ജുമുഅത്തു പള്ളിയില്‍ ഒത്തുകൂടി പ്രാര്‍ത്ഥനയോടെ മാത്രമേ മൊയ്തീന്‍ കുട്ടി ഹാജിയും പിന്നീട് കുഞ്ഞിമുഹമ്മദ് ഹാജിയും യുദ്ധത്തിന് പുറപ്പെട്ടിരുന്നുള്ളൂ. ആലിമുസ്‌ലിയാരും കുഞ്ഞഹമ്മദ് ഹാജിയും പല സുപ്രധാന തീരുമാനങ്ങളും എടുത്തിരുന്നത് ഈ പള്ളിയില്‍ വെച്ചായിരന്നു. വള്ളുവങ്ങാട് കാരക്കുറിശ്ശി ജുമുഅത്തു പള്ളിയില്‍ വുദു എടുക്കുന്നതിനായി വലിയൊരു കുളമുണ്ട്. ഈ കുളത്തിനുള്ളില്‍ മണ്ണാത്തിപ്പുഴയിലേക്കുള്ള ഒരു തുരങ്കം ഉണ്ടായിരുന്നു. ഏകദേശം ഒരു കിലോമീറ്ററിലധികമുള്ള തുരങ്കത്തിലൂടെ യുദ്ധസമയത്ത് യാത്ര ചെയ്തിരുന്നു എന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ യുദ്ധതന്ത്രത്തിനും ബുദ്ധി സാമര്‍ഥ്യത്തിനും മതിയായ തെളിവാണ്. ഈ തുരങ്കത്തിന്റെ ചില ഭാഗങ്ങള്‍ ഇന്നും വെള്ളുവങ്ങാട് തെക്കേമണ്ണ കുന്നിൻ മുകളിൽ കാണാം.

ബ്രിട്ടീഷുകാര്‍ വള്ളുവങ്ങാട്ടേക്കു കടക്കാതിരിക്കുന്നതിന് കാക്കത്തോട് പാലം കുഞ്ഞഹമ്മദ് ഹാജി തകര്‍ത്തിരുന്നു. അക്കാലത്തെ പ്രധാന പാതയിതായിരുന്നതിനാല്‍ ബ്രിട്ടീഷുകാര്‍ പാലം പുതുക്കി പണിയുകയും ചെയ്തിരുന്നു. കാക്കത്തോട് വഴി കടലുണ്ടി പുഴയിലൂടെയായിരുന്നു ഹാജിയും കൂട്ടരും സഞ്ചരിച്ചിരുന്നത്.ഇന്ത്യയുടെ വിമോചന പോരാട്ടത്തില്‍ സമാനതകളില്ലാത്ത വിധം സാഹസികവും ഉജ്ജ്വലവുമായ അധ്യായമായിരുന്നു പാണ്ടിക്കാട് യുദ്ധം. 1921 നവംബര്‍ 18-ന് രാത്രിയില്‍ കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശേരി തങ്ങള്‍, പയ്യനാടന്‍ മോയിന്‍ എന്നിവരുടെ നേതൃത്വത്തില്‍ 2000-ത്തോളം മാപ്പിള യോദ്ധാക്കള്‍ പാണ്ടിക്കാട് പോലീസ് സ്റ്റേഷനു സമീപമുള്ള ചന്തപ്പുര വളഞ്ഞു. എല്ലാവിധ ആയുധസന്നാഹങ്ങളുമായി ലഹളക്കാരെ നേരിടാനെത്തിയ ഗൂര്‍ഖപട്ടാളം ചന്തപ്പുരയിലാണ് തമ്പടിച്ചിരുന്നത്. “കുക്രി” എന്നാരു പ്രത്യേകതരം വാളുപയോഗിച്ച് യുദ്ധം ചെയ്യുന്ന ഗൂര്‍ഖകളെ നേരിട്ട് എതിര്‍ത്തു തോല്‍പിക്കുവാന്‍ അക്കാലത്ത് ഒരു ശക്തിക്കും സാധ്യമല്ലായിരുന്നു. മതില്‍ തകര്‍ത്ത് യോദ്ധാക്കള്‍ അകത്തു കടന്നു. രണ്ടു മണിക്കുറിലേറെ നീണ്ടുനിന്ന ഘോരമായ യുദ്ധം നടന്നു. പാണ്ടിക്കാട് യുദ്ധത്തിനു ശേഷം കുഞ്ഞഹമ്മദ് ഹാജിയും സംഘവും പോലീസ് സേനാവിഭാഗത്തിന്റെ പന്തല്ലൂര്‍ ക്ലബ്, പോലീസ് സ്റ്റേഷന്‍, പോസ്റ്റോഫീസ്, സര്‍വ്വെ ആഫീസ് എന്നിവ ആക്രമിച്ചു. മൂന്ന് പോലീസുകാരെ കൊലപ്പെടുത്തി. 1922 ജനുവരി 6-ന് കാളികാവില്‍ വെച്ച് കുഞ്ഞമ്മദ് ഹാജി പിടിക്കപ്പെട്ടു. ജനുവരി 20-ന് കുഞ്ഞഹമ്മദ് ഹാജിയെയും ചെമ്പ്രശേരി തങ്ങളേയും മലപ്പുറത്ത് കോട്ടകുന്നിന്റെ വടക്കേ ചെരിവില്‍ വച്ച് ബ്രിട്ടീഷുകാര്‍ വെടിവച്ചു കൊല്ലുകയായിരുന്നു.

സാംസ്കാരികചരിത്രംമഞ്ചേരിയുടെയും പാണ്ടിക്കാടിന്റെയും ഇടയിൽ കടലുണ്ടിപ്പുഴയേരത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് വെള്ളുവങ്ങാട്. എല്ലാവിധ മത വിഭാഗക്കാരും ഇവിടെ സമ്മിശ്രമായി വസിക്കുന്നു.
രാജ്യഭരണം, നാടുവാഴിത്തം, ജന്മിത്വം, സാമ്രാജ്യത്വം തുടങ്ങിയ അധികാരവാഴ്ചയുടെ വ്യത്യസ്തങ്ങളായ ചരിത്രഘട്ടങ്ങളിലൂടെ, അധ്വാനത്തിന്റെ കൂട്ടായ്മയിലൂടെ, സമരോത്സുകമായ മുന്നേറ്റങ്ങളിലൂടെ കടന്നുപോന്ന ഒരു ജനതയുടെ പിന്‍മുറക്കാര്‍ എന്ന നിലയ്ക്ക് പാണ്ടിക്കാടിന് സമ്പന്നമായൊരു സാംസ്കാരികപൈതൃകമുണ്ട്. വ്യത്യസ്ത ജാതിമത വിഭാഗങ്ങളില്‍ പെട്ടവരായിരിക്കുമ്പോള്‍ തന്നെ, ഭിന്നമായ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും പുലര്‍ത്തുന്ന, ഇവിടുത്തെ ജനവിഭാഗങ്ങള്‍ തമ്മില്‍ പരസ്പരധാരണയുടേയും സഹിഷ്ണുതയുടേയും സര്‍വ്വോപരി സാഹോദര്യത്തിന്റെയും മഹത്തായൊരു സാമൂഹ്യബന്ധം ഇവിടെ നിലനില്‍ക്കുന്നുണ്ട്. കലാരൂപങ്ങളുടെയും നാടന്‍ പാട്ടുകളുടെയും ഒരു നിധി ശേഖരം തന്നെ ഈ ഗ്രാമത്തിന് പൈതൃകമായികിട്ടിയിട്ടുണ്ട്. ആരാന്റെ പണിപ്പാടങ്ങളില്‍ ഏഴകളായി ഒടുങ്ങിത്തീരുന്ന ജന്മത്തിന്റെ നോവുകളും രോഷവും പകയും ചേര്‍ന്ന അടിസ്ഥാനവര്‍ഗ്ഗത്തിന്റെ കലാരൂപങ്ങളെല്ലാം ഇന്ന് അന്യംനിന്നുപോകുന്ന നിലയിലാണ്. നന്മയുടേയോ, ഏതെങ്കിലും മൂല്യത്തിന്റേയോ യാതൊരു കണികയും രക്തത്തില്‍ പോലുമില്ലാതിരുന്ന തമ്പുരാക്കളെന്ന അധ്വാനിക്കാതെ ഉണ്ടിരുന്ന വര്‍ഗ്ഗത്തിന്റെ പടിപ്പുരകള്‍ക്ക് പുറത്തും കളിമുറ്റങ്ങളിലും ഈ മണ്ണിന്റെ മക്കള്‍ ഒരുകാലത്ത് ഇങ്ങനെ ഉറഞ്ഞു പാടിയിരുന്നു. “കൊയ്യാനും മാണം ഞങ്ങള്…, മെതിച്ചാനും മാണം ഞങ്ങള്….., നെല്ലൊക്കെ അവുത്തായ……, ഞങ്ങളെ കണ്ടൂടോ………”. പഞ്ചായത്തിലെ എല്ലാ സാമൂഹ്യവിഭാഗങ്ങള്‍ക്കും സ്വന്തമായ കലാരൂപങ്ങളും അനുഷ്ഠാനമാധ്യമങ്ങളും ഉണ്ടായിരുന്നു. തുയിലുണര്‍ത്തുപാട്ട്, കൈകൊട്ടികളിപാട്ട്, ചെറുമപാട്ട്, കല്ല്യാണപാട്ട്, ശീവോതിപാട്ട്, പുള്ളുവന്‍ പാട്ട്, തിരുവാതിരപാട്ട് തുടങ്ങിയ പാട്ടുരൂപങ്ങളും ചെറുമക്കളി, പറയന്‍കാള, കോല്‍ക്കളി തുടങ്ങിയ നാട്ടുരൂപങ്ങളും ഗ്രാമീണ ജീവിതത്തിനു സാംസ്കാരികവെളിച്ചം നല്‍കി അടുത്ത കാലം വരെ സജീവമായി നിലനിന്നിരുന്നു. മാപ്പിളമാര്‍ക്കിടയില്‍ വാമൊഴി രൂപത്തില്‍ പ്രചരിച്ചുപോന്ന മാപ്പിളപാട്ടുകള്‍ പുതിയകാലത്ത് പുതിയ രൂപഭാവങ്ങളോടെ നിലനില്‍ക്കുന്നുണ്ട്.

തറിപ്പടി സ്ഥിതി ചെയ്യുന്ന വെള്ളുവങ്ങാട് കരിങ്കാളികാവ് കാളീക്ഷേത്രത്തിലെ ആണ്ടോടാണ്ട് നടത്തിവരുന്ന ഉത്സവം ദേശവാസികള്‍ ജാതിമതഭേദമെന്യേ ആഘോഷിക്കുന്നു.വര്‍ഷങ്ങളുടെ പഴക്കമുള്ള വെള്ളുവങ്ങാട് വലിയ പള്ളി.
മുന്‍കാലങ്ങളില്‍ കൊണ്ടാടപ്പെട്ടിരുന്ന ആണ്ടുനേര്‍ച്ചകള്‍ ജാതിമതഭേദമെന്യേ ജനങ്ങള്‍ പങ്കുകൊണ്ടിരുന്ന ഉത്സവാഘോഷങ്ങളാണ്.വെള്ളുവങ്ങാട് പ്രദേശത്ത് 10-ൽ കൂടുതൽ ക്ലബുകൾ പ്രവർത്തിക്കുന്നുണ്ട്.

കടപ്പാട് : Abdul salah


: : : VELLUVANGAD : : :

Country : INDIA
State : KERALA
District : MALAPPURAM
Thaluk : EARNAD
Panjayath : PANDIKKAD
Village : VETTIKKATTRI

Post office : Velluvangad south,Velluvangad

pin code- 676521

1 comments:

  1. Alhamdulillah
    Very good and important explanations from the writer.
    May god bless you,and I expect more from you.

    ReplyDelete