സ്വാതന്ത്ര്യദിനാശംസകള്‍



പ്രശ്നങ്ങള്ക്കും മീതെ തന്നെയാണ്. അതാണമൃതമെന്നാണു കവി പാടിയത്.സ്വാതന്ത്ര്യം എല്ലാവര്ക്കും വേണമെന്ന ചിന്തയും പ്രധാനം തന്നെ. അതിന്റെ ആഴത്തിലുള്ള അര്ത്ഥവും.. 


രാജ്യം സ്വാതന്ത്രത്വത്തിന്റെ 66  വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ അവസരത്തില്‍ മഹത്തായ രാഷ്ട്രത്തിന്റെ മതേതരത്വവും അഗണ്ടാതയും പോറല്‍ എല്കാതെ സൂക്ഷികേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണ്.

പ്രശസ്ത പാശ്ചാത്യപണ്ഡിതന്‍ മാക്‌സ്മുള്ളറിനെ ഉദ്ധരിച്ചുകൊണ്ട് എം.പി. അബ്ദുസ്സമദ് സമദാനി മാതൃഭൂമിയില്‍ എഴുതിയ “ഭാരതീയ മാഹാത്മ്യത്തിന്റെ സ്വാതന്ത്ര്യപര്‍വം” എന്ന ലേഖനം തുടര്‍ന്ന് വായിക്കുവാന്‍ READ MORE  ക്ലിക്ക് ചെയ്യുക.

ഭാരതീയ മാഹാത്മ്യത്തിന്റെ സ്വാതന്ത്ര്യപര്‍വം
Posted on: 15 Aug 2012

എം.പി. അബ്ദുസ്സമദ് സമദാനി



നാഗരികതകള്‍ക്കിടയില്‍ സഹവര്‍ത്തിത്വമാണ് കരണീയവും അനിവാര്യവുമെന്ന് തെളിയിച്ച രാജ്യമാണ് ഇന്ത്യ. നൂറ്റാണ്ടുകളിലൂടെ പരീക്ഷിച്ചുവിജയിച്ചതാണ് ഇന്ത്യയുടെ സഹവര്‍ത്തിത്വ സിദ്ധാന്തം


''പ്രകൃതിക്ക് കനിഞ്ഞരുളാന്‍ കഴിയുന്ന മുഴുവന്‍ സമ്പദ്‌സമൃദ്ധിയും ശക്തിയും സൗന്ദര്യവുംകൊണ്ട് അനുഗൃഹീതമായ രാജ്യം- ചിലയിടങ്ങളില്‍ ഭൂമിയിലൊരു സ്വര്‍ഗംതന്നെ- കണ്ടെത്താനായി ലോകമാകെ കണ്ണോടിച്ചാല്‍ ഇന്ത്യയെയാണ് ഞാന്‍ ചൂണ്ടിക്കാണിക്കുക. മനുഷ്യമനസ്സ് അതിന്റെ മികവുറ്റ സിദ്ധികള്‍ വികസിപ്പിക്കുകയും ജീവിതത്തിന്റെ മഹാസമസ്യകളെപ്പറ്റി വിചിന്തനം നടത്തുകയും പ്ലാറ്റോയെയും കാന്റിനെയും പഠിച്ചവരുടെ ശ്രദ്ധ ആകര്‍ഷിക്കുംവിധം അതില്‍ ചിലതിന് പരിഹാരം കണ്ടെത്തുകയുംചെയ്തത് ആകാശത്തിനുതാഴെ എവിടെയാണെന്ന് എന്നോടാരെങ്കിലും ചോദിച്ചാലും ഞാന്‍ ഇന്ത്യയെന്ന് മറുപടി പറയും''- പ്രശസ്ത പാശ്ചാത്യപണ്ഡിതന്‍ മാക്‌സ്മുള്ളര്‍ ഇന്ത്യയെക്കുറിച്ച് നടത്തിയ വിശകലനമാണിത്. അദ്ദേഹം ഒരിക്കലും ഇന്ത്യ സന്ദര്‍ശിച്ചിരുന്നില്ല. കണ്ണുകൊണ്ട് കാണാതെതന്നെ ചിന്താശീലന്മാരുടെയും സൗന്ദര്യാസ്വാദകരുടെയും ഹൃദയങ്ങളുടെ സ്വപ്നഭൂമിയായിത്തീര്‍ന്ന ഭൂപ്രദേശമാണ് ഭാരതം. 

ഇന്ത്യയുടെ സങ്കരസംസ്‌കാരവും അതിന് ആധാരമായിരിക്കുന്ന സമാധാനപരമായ സഹവര്‍ത്തിത്വവും ഇന്ന് ലോകതലത്തില്‍തന്നെ കൂടുതല്‍ പ്രസക്തിനേടുമ്പോള്‍ രാജ്യത്തിനകത്ത് അത് സുഭദ്രമാക്കാനുള്ള വര്‍ധിച്ച ഉത്തരവാദിത്വം നമുക്കുണ്ട്. 

'സംസ്‌കാരങ്ങള്‍ക്കിടയിലെ സംഘര്‍ഷം' എന്ന സാമുവല്‍ ഹണ്ടിങ്ടന്റെ സിദ്ധാന്തത്തെ പരിഷ്‌കൃതലോകം സ്വീകരിക്കുകയുണ്ടായില്ല. നാഗരികതകള്‍ക്കിടയില്‍ സഹവര്‍ത്തിത്വമാണ് കരണീയവും അനിവാര്യവുമെന്ന് തെളിയിച്ച രാജ്യമാണ് ഇന്ത്യ. നൂറ്റാണ്ടുകളിലൂടെ പരീക്ഷിച്ചുവിജയിച്ചതാണ് ഇന്ത്യയുടെ സഹവര്‍ത്തിത്വ സിദ്ധാന്തം.

''ഇന്ത്യയുടെ മണ്ണില്‍ ജനപഥങ്ങളുടെ യാത്രാസംഘങ്ങള്‍ വന്ന് പാര്‍ത്തുകൊണ്ടേയിരുന്നു. അങ്ങനെ ഇന്ത്യ നിര്‍മിതമായി വന്നു''- എന്ന് പ്രസിദ്ധ ഉറുദുകവി രഘുപതി സഹായ് ഫിറാഖ് ഗോരഖ്പുരിയുടെ പ്രസിദ്ധമായൊരു ഈരടിയുണ്ട്. തൊട്ടതൊക്കെ പൊന്നാക്കുന്ന പ്രകൃതമാണ് ഈ സാംസ്‌കാരിക സംഗമത്തിനുള്ളത്. ആഹാരരീതിമുതല്‍ വേഷ, ഭാഷാധികള്‍വരെ അതിന്റെ ശാലീനമായ സ്വാധീനത്തിന് വിധേയമായി. കലയിലും ശില്പകലയിലും വര്‍ണവൈചിത്ര്യമുള്ള സൗന്ദര്യസങ്കല്പങ്ങള്‍ വിടര്‍ന്നു. സംഗീതത്തില്‍ രുചിഭേദമുള്ള സ്വരജതികള്‍ പ്രവാഹംകൊണ്ടു.

വ്യക്തിക്കെന്നപോലെ സമൂഹത്തിനും തെറ്റുകള്‍ പറ്റാം. കഴിഞ്ഞകാല സമൂഹങ്ങളുടെ സുബദ്ധങ്ങളുടെയും അബദ്ധങ്ങളുടെയും ആകത്തുകയാണ് മാനവചരിത്രം. ഏതൊരു രാജ്യത്തിന്റെയും ഗതകാലചരിത്രത്തില്‍ ശരികള്‍പോലെ തെറ്റുകളും കാണും. അങ്ങിങ്ങ് ഒറ്റപ്പെട്ട അകല്‍ച്ചയുടെ പ്രവണതകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്ത്യാചരിത്രത്തില്‍ എന്നും സഹിഷ്ണുതയുടെയും സൗഹൃദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെ ധാരകള്‍ തന്നെയാണ് നിറഞ്ഞുനിന്നതെന്ന് കാണാന്‍ കഴിയും.

ഭാരതീയ സമുദായങ്ങള്‍ക്കിടയില്‍ അകല്‍ച്ചയുടെ വിത്തുപാകിയത് വിദേശ സാമ്രാജ്യത്വ ശക്തികളായിരുന്നു. അടിമത്തം അടിച്ചേല്പിച്ചും ചൂഷണം മാത്രം നടപ്പാക്കിയും ജനതയുടെ അഭിമാനം കവര്‍ന്നെടുത്ത സാമ്രാജ്യത്വശക്തികള്‍ ഒന്നിനുപിറകേ ഒന്നായി അതിക്രമിച്ചുകടന്നുവന്ന് നാശംവിതച്ചപ്പോഴെല്ലാം ഇന്ത്യക്കാര്‍ അതിനെതിരെ ശക്തമായി പ്രതികരിച്ചു. അതേത്തുടര്‍ന്ന് പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ഫ്രഞ്ചുകാരുമെല്ലാമെല്ലാം സ്ഥലംവിട്ടു. ബ്രിട്ടീഷുകാരിലൂടെ സാമ്രാജ്യത്വവും അതിന്റെ അതിക്രമവും ഇന്ത്യയില്‍ അതിന്റെ പാരമ്യത്തിലെത്തിയപ്പോള്‍ രാജ്യം പൂര്‍ണതയുള്ളൊരു പോരാളിയെ നേതാവായി ലഭിക്കാന്‍ കൊതിച്ചു.
വാല്മീകിക്കും ശ്രീബുദ്ധനും അശോകനും ഗുരുനാനാക്കിനും നിസാമുദ്ദീനുമെല്ലാം ചരിത്രത്തിന്റെ ചില സന്ദിഗ്ധതകളിലാണ് ഇന്ത്യ ജന്മംനല്‍കിയത്. അതിലേറേ തീക്ഷ്ണമായിരുന്നു ആധുനിക കാലത്തെ ചരിത്രസന്ധി. പൗരാണികതയും ആധുനികതയും തമ്മിലും പാരമ്പര്യത്തിനും പരിവര്‍ത്തനത്തിനും ഇടയിലും സേതുബന്ധനം സാധ്യമാക്കാന്‍ കഴിയുന്ന ഒരു മഹാത്മാവിനെയായിരുന്നു കാലം ആവശ്യപ്പെട്ടത്. ഭാരതത്തിന്റെ സ്വതഃസിദ്ധമായ ആത്മീയപ്രകൃതത്തില്‍ ആമഗ്‌നനാകുമ്പോഴും ആധുനികതയും അതിന്റെ സാംസ്‌കാരികവും രാഷ്ട്രീയവുമായ ബലവും ബലഹീനതയുമെല്ലാം ഗ്രഹിച്ച് അതിന്റെ ക്ലിഷ്ടമാര്‍ഗങ്ങളെ കണ്ടറിഞ്ഞ ഒരാള്‍. ഗുജറാത്തിലെ പോര്‍ബന്തറില്‍ ആ പുരുഷരത്‌നം ജന്മമെടുത്തു-മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. ഭാരതീയനായ ചാണക്യനും പാശ്ചാത്യനായ മാക്യവല്ലിക്കും കാലംനല്കിയ രാഷ്ട്രീയമറുപടിയായിരുന്നു മഹാത്മാവ്.

അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നത് കേവലം സ്വാതന്ത്ര്യസമരമായിരുന്നില്ല, രാജ്യത്തിന്റെയും ജനതയുടെയും നവോത്ഥാനമുന്നേറ്റമായിരുന്നു. ആധുനിക ഇന്ത്യയ്ക്ക് ആവശ്യമായതെല്ലാം സ്വാതന്ത്ര്യസമരപ്രസ്ഥാനം നല്കി. ആ അടിസ്ഥാനങ്ങളിലാണ് ആധുനികഭാരതം സ്ഥാപിതമായിരിക്കുന്നത് എന്ന് എല്ലാവര്‍ക്കും എപ്പോഴും ഓര്‍മയുണ്ടായിരിക്കേണ്ടതാണ്.
സാംസ്‌കാരികമായ കൊള്ളക്കൊടുക്ക ഇന്ത്യന്‍ ജീവിതത്തിന് നല്കിയ ശക്തിയും സൗന്ദര്യവും ചെറുതല്ല. സാംസ്‌കാരിക അഭിമുഖം ഇന്ത്യയുടെ ബഹുത്വത്തിനും അതിന്റെ അന്തര്‍ധാരയായിരിക്കുന്ന ഏകത്വത്തിനും പുറംലോകത്തേക്ക് പ്രവേശിക്കാനാവശ്യമായ കവാടങ്ങള്‍ തുറന്നേകി. ഉദാഹരണമായി ബുദ്ധമതം പൂര്‍വേഷ്യയുമായും ഇസ്‌ലാം പശ്ചിമേഷ്യയുമായും ഇന്ത്യയെ ബന്ധപ്പെടുത്തി. വിനിമയസന്തുലിതത്വം (Exchange Equivilance) മൊഴിമാറ്റത്തിന്റെ ഏറ്റവും ചലനാത്മകമായ പ്രക്രിയയിലേക്ക് നയിക്കുന്നുവെന്ന ടോണി കെ. സ്റ്റെവാര്‍ട്ടിന്റെ നിഗമനം ഇന്ത്യന്‍ സാംസ്‌കാരിക സാഹചര്യത്തില്‍ സാക്ഷാത്കൃതമായി.

ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കുക എന്നതുതന്നെയാണ് പരമപ്രധാനമായത്. പോരായ്മകള്‍ ഉണ്ടെങ്കിലും നാം അതില്‍ വിജയിച്ചു. എന്നാല്‍, ജനാധിപത്യത്തിന് ഭീഷണിയായി വളരുന്ന അഴിമതി രാഷ്ട്രഗാത്രത്തെ ബാധിക്കുന്ന കാന്‍സറായിക്കണ്ട് അതിന് ഗൗരവപൂര്‍ണമായ ചികിത്സനലേ്കണ്ടിയിരിക്കുന്നു. ''വലിയൊരു സ്ഥാപനമാകയാല്‍ വലിയതോതില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതാണ് ജനാധിപത്യം'' എന്ന ഗാന്ധിജിയുടെ മുന്നറിയിപ്പ് സ്മരണീയമായിത്തീരുന്നു.

അസംഘടിത മേഖലയെക്കുറിച്ച് പഠനംനടത്തിയ സെന്‍ഗുപ്തസമിതി പുറത്തുവിട്ട വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. മുക്കാല്‍ഭാഗം ഇന്ത്യക്കാരും പ്രതിദിനം 20 രൂപയിലധികം ചെലവിടാന്‍ ഇല്ലാത്തവരാണെന്ന് സമിതി കണ്ടെത്തുകയുണ്ടായി. 'ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്നവര്‍' എന്ന ഒരു വിഭാഗത്തെയും സെന്‍ഗുപ്തസമിതി നിര്‍ണയിച്ചിരുന്നു. 24 രൂപയിലധികം നിത്യച്ചെലവിന് ഇല്ലാത്തവരെയാണ് അതില്‍ ഉള്‍പ്പെടുത്തിയത്. 77ശതമാനം ഇന്ത്യക്കാര്‍ ദരിദ്രരാണ് എന്ന് സമിതിയുടെ പഠനത്തില്‍ പറയുന്നത് സാമൂഹികമായ ഗുരുതരാവസ്ഥയാണ് സൂചിപ്പിക്കുന്നത്.

വര്‍ഗീയതയും വംശവെറിയും ഇനിയും വിട്ടുമാറിയിട്ടില്ല എന്നതിന് തെളിവാകുകയാണ് അസമിലെ സ്ഥിതിവിശേഷം. 'ഒറ്റരാഷ്ട്രം ഒരൊറ്റ ജനത' എന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്നതിന് തടസ്സമായി നില്‍ക്കുന്ന ഘടകങ്ങളെ തിരിച്ചറിയേണ്ടതുണ്ട്.വര്‍ഗീയത, തീവ്രവാദം, ഭീകരവാദം, അഴിമതി, വിവേചനം, അസമത്വം, സ്വജനപക്ഷപാതം എന്നിവയെല്ലാം നമ്മുടെ ജനാധിപത്യ മതേതര വ്യവസ്ഥയ്‌ക്കെതിരെ ഉയരുന്ന വെല്ലുവിളികളാണ്. 

ഗാന്ധിജിയിലേക്കുള്ള വഴിദൂരം വര്‍ധിപ്പിക്കുന്ന എന്തും ഇന്ത്യയ്ക്ക് ഹാനികരമായിരിക്കും. മതേതരത്വത്തോടുള്ള നിതാന്തമായ പ്രതിബദ്ധതയിലും സാമ്പത്തികമായ പുരോഗമനവീക്ഷണത്തിലും ജവാഹര്‍ലാല്‍ നെഹ്രു നടത്തിയ ഉറച്ച കാല്‍വെപ്പുകളാണ് സ്വതന്ത്ര ഇന്ത്യയെ മുന്നോട്ടുനയിച്ചത് എന്നതും മറന്നുകൂടാ. ആധുനിക ഇന്ത്യയുടെ ശില്പി വിശാലവീക്ഷണത്തിന്റെയും ഉത്ക്കടമായ ഹൃദയാലുത്വത്തിന്റെയും പ്രകടമായ പ്രതീകമായിരിക്കുന്ന നെഹ്രു തന്നെയാകുന്നു. നെഹ്രുവിലൂടെ വേണം ഇന്ത്യയെ ശരിയായ അര്‍ഥത്തില്‍ കണ്ടെത്താന്‍. ഗാന്ധിജിക്കും പണ്ഡിറ്റ്ജിക്കും ഇടയില്‍ ഇന്ത്യന്‍ ദേശീയതയുടെ മറ്റൊരു മഹാസ്തംഭവുമുണ്ടായിരുന്നു. മതവും ന്യൂനപക്ഷവും മാത്രമല്ല ഇന്ത്യയും അതിന്റെ മതേതരത്വവും സര്‍വോപരി സ്വാതന്ത്ര്യസമരപ്രസ്ഥാനവും വിശകലന വിധേയമാകുമ്പോഴെല്ലാം പ്രാധാന്യപൂര്‍വം അനുസ്മരിക്കപ്പെടുന്ന മൗലാനാ അബുള്‍കലാം ആസാദ്. സകലവിധ വിഭജനവാദങ്ങള്‍ക്കും വിഘടന പ്രവണതകള്‍ക്കുമെതിരായ ശക്തമായ നിലപാടും താക്കീതുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 
സ്വാതന്ത്ര്യദിനം ദേശീയമായ ഒരാഘോഷം മാത്രമല്ല, ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തെ ജ്വലിപ്പിക്കുന്ന രാജ്യസ്‌നേഹത്തിന്റെയും ദേശാഭിമാനത്തിന്റെയും പ്രചോദനസ്രോതസ്സ് കൂടിയാണത്. 

0 comments:

Post a Comment